Sunday, June 22, 2008

"ശവ"സംസ്കാരം

മാറോട് ചേര്‍‍ക്കുന്നു നിന്നെ
ആശ്വസിക്ക നീ
അമ്മാനമാടി മടുത്താല്‍
അവള്‍ തിരികെതരും നിന്‍ കുഞ്ഞിനെ
ആറുനാളുകള്‍ക്ക് ശേഷമായാലും.
ജീര്‍ണ്ണിച്ച ജഡങ്ങളോട് വെറുപ്പാണവള്‍ക്ക്

മുമ്പേപറഞ്ഞില്ലേ
മുലഞ്ഞെട്ടില്‍ വിഷം പുരട്ടിയുണ്ടവള്‍
‍കരുതരുത് ഈ വിശാലത സ്നേഹമാണെന്ന്!
കല്ലിനെപോലുമലിയിച്ചുകളയാനാവുമെന്ന്
വെറുതെ തര്‍ക്കിച്ചതും
അമ്മയെന്നരുമയോടെ വിളിച്ചതും നീയല്ലേ..

അശുദ്ധമാക്കി നാമവളുടെയുമ്മറപ്പടി
ചോരവീഴ്ത്തിയും കുഴിയെടുത്തും
കൗമാരത്തെ കുരുതികൊടുത്തും
വിരുന്നുകാര്‍ക്ക് വിളമ്പിയും.
പകതീര്‍ത്ത് ശുദ്ധികലശം നടത്തിയതാവാമവള്‍
‍തൂത്തുവാരി തീര്‍ഥം തളിച്ച്....

ചത്ത മീനിനെയെന്നപോല്‍
തരംതിരിക്കാന്‍പോലുമായില്ല ബാക്കിയായവര്‍ക്ക്
ബീഗത്തിനുമേല്‍ അശോകന്‍
‍ബഷീറിനുമേല്‍ അന്ന, സീത,ജോര്‍ജ്
പതിനാറുകാരിക്കരികെ പതിനെട്ടുകാരന്‍!
ഉടുത്തവര്‍ ഉടുക്കാത്തവര്
‍വര്‍ഗ-ലിംഗ വ്യത്യാസമില്ലാത്തൊരു
'ശവ'സംസ്കാരം പട്ഠിപ്പിച്ചതുമാവാമവള്‍...
ആശ്വസിക്ക നീ....

(സുനാമി ദിനങ്ങളിലെഴുതിയത്)

4 comments:

CHANTHU said...

നന്നായി. വീണ്ടും കാണാം.

Ranjith chemmad / ചെമ്മാടൻ said...

okey.... expecting more!

Unknown said...

കൊള്ളാം രേവതി നല്ല എഴുത്ത് .

Pahayan said...

എങ്കിലുമാ വിശാലതയെ നോക്കി ഇന്നുമിരിക്കാറുണ്ട്‌ ഞാന്‍..
എന്നാ മടിത്തട്ടിലേക്കൊരു
വിരുന്നുകാരനായി ചെല്ലുമെന്നോര്‍ത്ത്‌...
..നന്നായിരിക്കുന്നു.